കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (ECIL) വൻ തൊഴിലവസരം. അപ്രന്റിസ്ഷിപ്പിനും കരാർ അടിസ്ഥാനത്തിലുള്ള ജോലികൾക്കുമായി രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 272 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായാണ് നിയമനം നടക്കുക.
അപ്രന്റിസ്ഷിപ്പ് ഒഴിവുകൾ
ആകെ റിപ്പോർട്ട് ചെയ്ത 248 അപ്രന്റിസ് ഒഴിവുകളിൽ എൻജിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ഇതിൽ 200 ഒഴിവുകൾ ബിരുദധാരികൾക്കും 48 ഒഴിവുകൾ ഡിപ്ലോമക്കാർക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.
ഒരു വർഷമാണ് പരിശീലന കാലാവധി. പരിശീലന സമയത്ത് ബിരുദധാരികൾക്ക് 9,000 രൂപയും ഡിപ്ലോമക്കാർക്ക് 8,000 രൂപയും പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ECE, CSE/IT, EEE, EIE, Civil, Chemical തുടങ്ങിയ ബ്രാഞ്ചുകളിൽ 2023 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ പാസായവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
നാറ്റ്സ് (NATS) പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജനുവരി 28 മുതൽ 30 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ വഴിയായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക.
കരാർ നിയമനങ്ങൾ
മുൻപരിചയമുള്ളവർക്കായി 24 കരാർ നിയമനങ്ങളും വിജ്ഞാപനത്തിലുണ്ട്. ഐ.ടി.ഐ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് ടെക്നീഷ്യൻ (CNC Operator) തസ്തികയിൽ 13 ഒഴിവുകളുണ്ട്. ഇവർക്ക് 30,000 രൂപ മുതൽ 36,000 രൂപ വരെയാണ് ശമ്പളം.
ഡിപ്ലോമയും പ്രവൃത്തിപരിചയവുമുള്ളവർക്ക് സൂപ്പർവൈസർ തസ്തികയിൽ 7 ഒഴിവുകളാണുള്ളത്. ഇവർക്ക് 41,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ ബി.ടെക്/ബി.ഇ ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കായി 4 പ്രോജക്ട് എൻജിനീയർ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 40,000 രൂപയാണ് ഈ തസ്തികയുടെ ശമ്പളം.
അവസാന തീയതി
രണ്ട് വിജ്ഞാപനങ്ങളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജനുവരി 20 ഉച്ചയ്ക്ക് 2 മണിയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡങ്ങളും മറ്റ് വിശദവിവരങ്ങളും www.ecil.co.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
.jpg)