ഒരു പുലർകാലത്ത്, ജീവിതത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഒരുപാട് ശിഷ്യന്മാർക്കിടയിലേക്ക് ഗുരു പ്രശാന്തനായി കടന്നു വന്നു. അദ്ദേഹത്തിന്റെ കൈകളിൽ നിറയെ മധുരമൂറുന്ന പഴങ്ങൾ. അവ വിതരണം ചെയ്യാനായി ഗുരു തന്റെ ഏറ്റവും പ്രിയപ്പെട്ടതും ബുദ്ധിശാലിയുമായ ശിഷ്യനെ വിളിച്ചു. പഴക്കൂട ഏറ്റുവാങ്ങിയ ശേഷം, ആർക്കാണ് ആദ്യം നൽകേണ്ടതെന്ന് അവൻ ഗുരുവിനോട് ചോദിച്ചു. ഗുരുവിന്റെ മറുപടി ഹൃദയത്തിൽ തട്ടുന്നതായിരുന്നു: "നിനക്ക് ഈ ലോകത്ത് ഏറ്റവും വിശ്വാസമുള്ള ആൾക്ക് കൊടുക്കാം."
മറ്റെല്ലാ ശിഷ്യന്മാരും കരുതിയത്, അവൻ ആദ്യം പഴം നൽകുക ഗുരുവിനായിരിക്കുമെന്നാണ്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്, അവൻ ഒരു പഴമെടുത്തു സ്വയം കഴിച്ചു. ചുറ്റും നിന്നവർക്ക് അത്ഭുതമായി, എന്നാൽ ഗുരുവിന്റെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി വിടർന്നു. "നീയെന്തിനാണ് ഇങ്ങനെ ചെയ്തത്?" എന്ന് അവർ ചോദിച്ചപ്പോൾ, അവന്റെ മറുപടി വ്യക്തമായിരുന്നു: "ഈ ലോകത്ത് എനിക്ക് ഏറ്റവും വിശ്വാസം എന്നെത്തന്നെയാണ്."
ഈ കഥ നമ്മെ പഠിപ്പിക്കുന്ന പാഠം വളരെ വലുതാണ്. ഈ ലോകം മുഴുവൻ നമ്മളെ അവിശ്വസിച്ചാലും, തന്നിൽത്തന്നെ ഉറച്ചു വിശ്വസിക്കുന്നവൻ ജീവിതയാത്രയിൽ ഒരിക്കലും തളർന്നു വീഴില്ല. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ, സ്വയം വിശ്വസിച്ച് മുന്നോട്ട് പോകുന്നവർക്ക് ഏതൊരു പ്രതിബന്ധത്തെയും മറികടക്കാൻ സാധിക്കും. പ്രശസ്ത തത്വചിന്തകൻ റാൽഫ് വാൾഡോ എമേഴ്സൺ പറഞ്ഞത് ഓർക്കുക: "സ്വയം വിശ്വസിക്കുക. നിങ്ങളുടെ ഹൃദയത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ വിശ്വസിക്കുക. വിശ്വസിച്ചാൽ മതി, നിങ്ങൾക്കത് നേടാൻ കഴിയും."
സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്തവർ പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും അംഗീകാരത്തിനും വേണ്ടി കാത്തുനിൽക്കും. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടുകയും, അവരുടെ ഇഷ്ട്ടങ്ങൾക്കനുസരിച്ച് ജീവിക്കുകയും ചെയ്യും. അത്തരമൊരു ജീവിതം സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കും. നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം നിങ്ങളുടെ കൈകളിലായിരിക്കണം. അതിന് ഏറ്റവും ആവശ്യം നമ്മളിലുള്ള അടിയുറച്ച വിശ്വാസമാണ്.
നമ്മൾ തന്നെയാണ് നമ്മുടെ ശക്തി
ഓരോ വ്യക്തിയും അവനവനിൽ വിശ്വസിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നത്. തെറ്റുകൾ സംഭവിക്കാം, പരാജയങ്ങളുണ്ടാകാം, പക്ഷേ അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനുള്ള ധൈര്യം നൽകുന്നത് ആത്മവിശ്വാസമാണ്. ഒരു മരം തന്റെ വേരുകളിൽ വിശ്വസിച്ച്, കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതുപോലെ, നമ്മുടെ ആത്മവിശ്വാസം നമ്മെ ഏത് പ്രതിസന്ധിയിലും താങ്ങി നിർത്തും.
ആത്മവിശ്വാസം ഒരു ദിവസം കൊണ്ട് വളർത്തിയെടുക്കാവുന്ന ഒന്നല്ല. അത് പതിയെ, ഓരോ അനുഭവങ്ങളിലൂടെയും വളർത്തിയെടുക്കേണ്ടതാണ്. ചെറിയ വിജയങ്ങളെ അംഗീകരിക്കുക, തെറ്റുകളിൽ നിന്ന് പഠിക്കുക, നിങ്ങളുടെ കഴിവുകളെ തിരിച്ചറിയുക. എല്ലാറ്റിനും ഉപരിയായി, മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് നിർത്തുക. നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറുക.
ഓർക്കുക, നിങ്ങളുടെ ഏറ്റവും വലിയ പിന്തുണയും പ്രചോദനവും നിങ്ങളിൽത്തന്നെയാണ്. ആ വിശ്വാസത്തെ നമുക്ക് വളർത്തിയെടുക്കാം, ജീവിതത്തിൽ തിളക്കമാർന്ന വിജയം നേടാം. ഓരോ ദിവസവും ശുഭകരമാവട്ടെ!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam