Trending

കഥ പറയാം : ഉണർന്നിരിക്കാം, പ്രവർത്തിക്കാം



സ്വപ്‌നങ്ങൾ കാണുന്നത് നല്ലതാണ്, അത് നമ്മെ മുന്നോട്ട് നയിക്കാനുള്ള പ്രചോദനം നൽകും. എന്നാൽ, എപ്പോഴും ഒരു സ്വപ്നലോകത്ത് ജീവിക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്ന് നമ്മെ അകറ്റും. പ്രായോഗിക ബുദ്ധിയോടെ പ്രവർത്തിക്കുന്നവരാണ് ജീവിതത്തിൽ വിജയം നേടുന്നത് എന്ന് ഈ കഥയിലൂടെ മനസ്സിലാക്കാം:

റൊട്ടിക്കഷണവും മൂന്ന് തീർത്ഥാടകരും

വിവിധ സ്ഥലങ്ങളിൽനിന്നും ദൂരെയുള്ള ഒരു തീർത്ഥാടന കേന്ദ്രത്തിലേക്ക് കാൽനടയായി യാത്രചെയ്തിരുന്ന മൂന്നുപേർ ഒരു പ്രത്യേക സ്ഥലത്ത് പരസ്പരം കണ്ടുമുട്ടാനിടയായി. പിന്നീടുള്ള അവരുടെ യാത്ര ഒരുമിച്ചായിരുന്നു. പരസ്പരം വിശേഷങ്ങളും സുഖ ദുഃഖങ്ങളും ഭക്ഷണസാധനങ്ങളൊക്കെ പങ്കുവെച്ചും, ഉള്ള യാത്ര അവരെ കൂടുതൽ അടുപ്പിച്ചു. യാത്ര പുരോഗമിക്കവേ അവർ അവരുടെ പണവും വസ്ത്രവും വെള്ളവും മറ്റ് ഭക്ഷണ സാധനങ്ങളുമെല്ലാം ഒരൊറ്റ ഭാണ്ഡത്തിലാക്കി മാറി മാറി ചുമന്നു. പരസ്പര വിശ്വാസം അവരെ അത്രമാത്രം അടുപ്പിച്ചിരുന്നു.

കുറേ ദിവസങ്ങൾ കടന്നുപോയി. അവരുടെ യാത്ര ഒരുപാട് ദൂരം പിന്നിട്ടു. ദിവസങ്ങൾ കഴിയുന്തോറും അവരുടെ കൈയ്യിലെ വിഭവങ്ങൾ തീർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അവർ തിരിച്ചറിഞ്ഞു ഇനി തങ്ങളുടെ കൈയ്യിലുള്ളത് ആകെ ഒരു റൊട്ടിക്കഷണവും ഒരു കുമ്പിൾ വെള്ളവും മാത്രമാണെന്ന്.

ആ നിമിഷം മുതൽ ഓരോരുത്തരുടെയും മുഖഭാവം മാറാൻ തുടങ്ങി. സുഹൃദ് ബന്ധത്തിൽ വിള്ളൽ രൂപപ്പെട്ടുതുടങ്ങി. ബാക്കിയുള്ള റൊട്ടിക്കഷണത്തിനായി അവർ പരസ്പരം അവകാശവാദങ്ങൾ നിരത്തി. അത് വാഗ്വാദത്തിൽ കലാശിച്ചു. ഒടുവിൽ ആ റോട്ടിക്കഷണം വീതിച്ചെടുക്കാൻ അവർ തീരുമാനിച്ചു. പക്ഷേ, ഒരു ചെറിയ റൊട്ടിക്കഷണം എങ്ങനെ വീതിച്ചാലും ആരുടേയും വിശപ്പ് ശമിക്കില്ല എന്ന് അവർക്കറിയാമായിരുന്നു.

ഒടുവിൽ ഒരാൾ ഒരു പോംവഴി നിർദേശിച്ചു. മൂന്നുപേരും ഉറങ്ങുക. ഉറക്കത്തിൽ ആരാണോ ഏറ്റവും മഹത്തരമായ സ്വപ്നം കാണുന്നത് അയാൾക്ക് തീരുമാനിക്കാം ആ റൊട്ടിക്കഷണം എന്ത് ചെയ്യണമെന്ന്. എല്ലാവരും സമ്മതിച്ചു. മൂന്നുപേരും ഉറങ്ങാൻ കിടന്നു.

രാവിലെ ഉറക്കമുണർന്ന് ഒന്നാമൻ താൻ കണ്ട സ്വപ്നത്തേക്കുറിച്ച് പറഞ്ഞു. സ്വപ്നത്തിൽ ഒരു ജ്ഞാനി പ്രത്യക്ഷപ്പെട്ട് തന്നെ അനുഗ്രഹിക്കുകയും റൊട്ടിക്കഷ്ണം തനിക്ക് അവകാശപ്പെട്ടതാണെന്ന് അരുളിച്ചെയ്യുകയും ചെയ്തുവത്രെ. രണ്ടാമൻ താൻ ഭാവിയിൽ ഒരു ജ്ഞാനിയാകുന്നതും ഒരു തലമുറയെ ആകെ നയിക്കുന്നതും അതിനാൽ നന്നായി പരിപാലിക്കപ്പെടേണ്ടവൻ ആയതുകൊണ്ട് റൊട്ടിക്കഷണത്തിന് അവകാശി ആയിത്തീർന്നതായും സ്വപ്നം കണ്ടു.

ഇതൊക്കെ കേട്ട് മൂന്നാമൻ പറഞ്ഞു: "എൻ്റെ സ്വപ്നത്തിൽ ഞാൻ ഒന്നും കണ്ടില്ല. എനിക്കൊന്നും കേൾക്കാനോ പറയാനോ കഴിഞ്ഞില്ല. പക്ഷേ ഞാനുറങ്ങുന്ന സമയം ഏതോ ഒരു ശക്തി എന്നെ ബലമായി എഴുന്നേൽപ്പിച്ചു. റൊട്ടിയും വെള്ളവും ഇരിക്കുന്ന ആ സ്ഥലത്തേക്ക് എന്നെ എത്തിച്ചു. ശേഷം എന്നെ അവ കഴിക്കാൻ പ്രേരിപ്പിച്ചു. എനിക്ക് അത്രയേ പറയാൻ പറ്റുള്ളൂ."

മൂന്നാമൻ്റെ കഥ കേട്ട് മറ്റ് രണ്ടു പേരും അന്ധാളിച്ചുനിന്നു.


യാഥാർത്ഥ്യബോധം: വിജയത്തിലേക്കുള്ള വഴി

നമ്മിൽ പലരും ഏതോ ഒരു മൂഢ സ്വർഗത്തിലാണ് വിഹരിക്കുന്നത്. എന്നാൽ ബുദ്ധിശാലികളാകട്ടെ യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കും. സ്വപ്‌നങ്ങൾ പലപ്പോഴും സുഖപ്രദവും സന്തോഷകരവും ആയിരിക്കാം. പക്ഷേ ആ സുഖ സുഷുപ്തിയിൽ ആയിരിക്കുമ്പോൾ അതിനേക്കാൾ മൂല്യമേറിയ പലതും നമുക്ക് നഷ്ടപ്പെട്ടേക്കാം. സ്വപ്നലോകത്തുനിന്നും യാഥാർത്ഥ്യബോധത്തിലേക്ക് ഉണരുമ്പോഴാണ് നമുക്ക് കൂടുതൽ ഉയരത്തിലേക്ക് വളരുവാനാവുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിൽ സ്വപ്നം കാണുന്നതിന് പകരം, ഉള്ള വിഭവങ്ങൾ ഉപയോഗിച്ച് എങ്ങനെ അതിനെ മറികടക്കാമെന്ന് ചിന്തിക്കുന്നതാണ് ബുദ്ധി. യാഥാർത്ഥ്യത്തെ അംഗീകരിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും കഴിയുമ്പോളാണ് നമുക്ക് വിജയം നേടാൻ സാധിക്കുക.

ഈ ശുഭദിനത്തിൽ നമുക്ക് സ്വപ്‌നങ്ങൾ കാണാം, എന്നാൽ യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കാം. പ്രതിസന്ധികൾ വരുമ്പോൾ തളരാതെ, ഉള്ള വിഭവങ്ങൾ ഉപയോഗിച്ച് മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താം

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...