Trending

സി.യു.ഇ.ടി.-യു.ജി. ഫലം വന്നു; ഇനി എന്ത്? പ്രവേശന നടപടികൾ അറിയാം!


രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള മുൻനിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യു.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.) നടത്തിയ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി.) യു.ജി. ഫലം പുറത്തുവന്നു കഴിഞ്ഞു. പരീക്ഷ എഴുതിയവർക്കെല്ലാം വിഷയാടിസ്ഥാനത്തിലുള്ള അവരുടെ സ്കോറും പെർസൻ്റൈൽ സ്കോറും വെബ്സൈറ്റിൽനിന്ന് ലഭ്യമാകും. സി.യു.ഇ.ടി.ക്ക് ശേഷമുള്ള പ്രവേശന നടപടികളെക്കുറിച്ച് പലർക്കും അവ്യക്തതയും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.


സി.യു.ഇ.ടി. സ്കോർ കാർഡ് നിർബന്ധം

പ്രവേശന നടപടികൾക്ക് വേണ്ട പ്രധാന രേഖകളിലൊന്ന് പരീക്ഷാർത്ഥിയുടെ വ്യക്തിഗത വിവരങ്ങളും സി.യു.ഇ.ടി. പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ലഭിച്ച സ്കോറും രേഖപ്പെടുത്തിയ സ്കോർ കാർഡാണ്. വെബ്സൈറ്റിൽ നിന്ന് അപേക്ഷാ നമ്പർ, പാസ്‌വേഡ് വിവരങ്ങൾ രേഖപ്പെടുത്തി ലോഗിൻ ചെയ്ത് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഓരോ വിഷയത്തിൻ്റെയും പെർസൻ്റൈൽ സ്കോറും നോർമലൈസ് ചെയ്ത സ്കോറുമായിരിക്കും സ്കോർ കാർഡിലുണ്ടാവുക. ഒരു വിഷയത്തിൽതന്നെ ഒന്നിലധികം സെഷനുകളിലായി വ്യത്യസ്ത ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നോർമലൈസ് ചെയ്ത മാർക്ക് നൽകുന്നത്.


പ്രവേശനം നേടേണ്ട സർവകലാശാലകൾ തിരഞ്ഞെടുക്കുക

സി.യു.ഇ.ടി. സ്കോർ അടിസ്ഥാനപ്പെടുത്തി യു.ജി. പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക https://cuet.nta.nic.in/ എന്ന പോർട്ടലിൽ ലഭ്യമാണ്. കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കൽപ്പിത സർവകലാശാലകൾ (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി), സ്വകാര്യ സർവകലാശാലകൾ, മറ്റു സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ പട്ടിക തിരിച്ചാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.

പ്രധാന സ്ഥാപനങ്ങൾ:

  • കേന്ദ്ര സർവകലാശാലകൾ: 49 കേന്ദ്ര സർവകലാശാലകളിലെയും 35 സംസ്ഥാന സർവകലാശാലകളിലെയും യു.ജി. പ്രോഗ്രാമുകളിലേക്ക് സി.യു.ഇ.ടി. സ്കോർ അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം. ഡൽഹി സർവകലാശാല, ജെ.എൻ.യു., ജാമിഅ മില്ലിയ്യ ഇസ്ലാമിയ, അലിഗഢ് മുസ്ലിം സർവകലാശാല തുടങ്ങിയ കേന്ദ്ര സർവകലാശാലകളിലെ യു.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സി.യു.ഇ.ടി. വഴിയാണ്.

  • മറ്റ് സർവകലാശാലകൾ: 126 സ്വകാര്യ സർവകലാശാലകൾ, 24 കൽപ്പിത സർവകലാശാലകൾ എന്നിവയിലേക്കും സി.യു.ഇ.ടി. അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം.

  • മറ്റ് സ്ഥാപനങ്ങൾ: ഇതിനു പുറമെ അസം സർക്കാരിന് കീഴിലുള്ള ആര്യ വിദ്യാപീഠ് കോളജ് (സ്വയംഭരണ സ്ഥാപനം), ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ജമ്മു ഗവ. കോളജ് ഫോർ വിമൻ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻ്റ് എന്നിവയ്ക്ക് കീഴിലുള്ള വിവിധ യു.ജി. പ്രോഗ്രാമുകളിലേക്കും സി.യു.ഇ.ടി. വഴിയാണ് പ്രവേശനം.


കൗൺസലിംഗ് നടപടികൾ സർവകലാശാല പോർട്ടൽ വഴി

പ്രവേശനം ആഗ്രഹിക്കുന്ന സർവകലാശാലകളുടെ പ്രവേശന പോർട്ടൽ വഴിയാണ് വിദ്യാർത്ഥികൾ കൗൺസലിംഗ് നടപടികളിൽ പങ്കാളികളാകേണ്ടത്. പരീക്ഷ നടത്തിയ എൻ.ടി.എ.ക്ക് കൗൺസലിംഗ് നടപടികളിൽ ഒരു പങ്കാളിത്തവും ഉണ്ടാകില്ല. ഓരോ സർവകലാശാലകളും വെവ്വേറെയാണ് കൗൺസലിംഗ് നടപടികൾ നടത്തുന്നത്.

  • യോഗ്യതാ മാനദണ്ഡം: പോർട്ടൽ വഴി ഓരോ പ്രോഗ്രാമിലേക്കുമുള്ള യോഗ്യതാ മാനദണ്ഡം വ്യക്തമാകും.

  • കട്ട് ഓഫ് മാർക്ക്: ഓരോ പ്രോഗ്രാമിലേക്കും ബന്ധപ്പെട്ട സർവകലാശാല/സ്ഥാപനം നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കും പ്രത്യേകം പ്രസിദ്ധീകരിക്കും. ഈ കട്ട് ഓഫ് മാർക്ക് സി.യു.ഇ.ടി.യിൽ നേടിയിട്ടുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ടാകും.

  • അപേക്ഷാ സമർപ്പണം: ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി അപേക്ഷാ സമർപ്പണം പൂർത്തിയാക്കുക. ഓരോ സർവകലാശാലക്കും പ്രവേശന മാനദണ്ഡങ്ങളിൽ വ്യത്യാസമുണ്ടാകും.


ഓൺലൈൻ കൗൺസലിംഗ് ഘട്ടങ്ങൾ

ഓൺലൈനായുള്ള കൗൺസലിംഗ് ഘട്ടത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • താല്പര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്ന ചോയിസ് ഫില്ലിംഗ്.

  • ചോയിസ് ലോക്കിംഗ്.

  • ആവശ്യമായ രേഖകളുടെ സമർപ്പണം.

  • അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കൽ.

  • സീറ്റ് ഉറപ്പാക്കൽ.

  • ഫീസടയ്ക്കൽ.

സ്ഥാപനാടിസ്ഥാനത്തിൽ ഈ നടപടിക്രമങ്ങളിൽ ചെറിയ വ്യത്യാസമുണ്ടാകാം.

ഇതിനുശേഷം വിദ്യാർത്ഥികളുടെ പ്ലസ് ടു സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള യോഗ്യതാ രേഖകൾ, സംവരണമുണ്ടെങ്കിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ, സ്ഥാപനം ആവശ്യപ്പെടുന്ന മറ്റ് രേഖകൾ എന്നിവയും ലഭ്യമാക്കണം. സർവകലാശാല നിശ്ചയിച്ച യോഗ്യതകൾ പൂർണ്ണമാണെങ്കിൽ മെറിറ്റടിസ്ഥാനത്തിൽ സീറ്റ് ലഭിക്കും. 

കോമൺ സീറ്റ് അലോക്കേഷൻ സിസ്റ്റം (സി.എസ്.എ.എസ്.) സംവിധാനത്തിന് കീഴിലാണ് ഡൽഹി സർവകലാശാല പോലുള്ള സ്ഥാപനങ്ങൾ അവയ്ക്ക് കീഴിലുള്ള കോളജുകളിലേക്കുള്ള വിദ്യാർത്ഥി പ്രവേശനം നടത്തുന്നത്. സമർപ്പിച്ച ചോയിസ് അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങൾ പ്രത്യേകം മെറിറ്റ് പട്ടിക പ്രസിദ്ധീകരിക്കും.

പ്രവേശനം ഉറപ്പാകുന്ന വിദ്യാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട കോളജ്/സർവകലാശാലയിൽ നേരിട്ട് ഹാജരാകണം. ഇതിൻ്റെ വിശദാംശങ്ങൾ ബന്ധപ്പെട്ട സർവകലാശാലകളുടെ പ്രവേശന പോർട്ടലിൽ ലഭ്യമാകും. ഇതിനായി പ്രവേശന പോർട്ടൽ പതിവായി സന്ദർശിച്ച് ഉറപ്പുവരുത്തുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱 
https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...