സംസ്ഥാനത്തെ ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ഇന്ന് (തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ചൊവ്വാഴ്ച രാവിലെ 10 മണിക്കും ബുധനാഴ്ച വൈകീട്ട് 5 മണിക്കും ഇടയിൽ അതത് സ്കൂളുകളിൽ പ്രവേശനം നേടാവുന്നതാണ്.
രണ്ടാം അലോട്മെൻ്റിൻ്റെ പ്രാധാന്യം
ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച ആദ്യ അലോട്മെൻ്റിന് ശേഷം താത്കാലിക പ്രവേശനം നേടിയവരെയും മിച്ചമുള്ള സീറ്റുകളും പരിഗണിച്ചാണ് രണ്ടാം അലോട്മെൻ്റ് തയ്യാറാക്കിയിരിക്കുന്നത്. പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും വിദ്യാർത്ഥികൾക്ക് തയ്യാറെടുപ്പിന് കൂടുതൽ സമയം നൽകാനുമാണ് ഒരു ദിവസം മുൻപ് തന്നെ അലോട്മെൻ്റ് പ്രസിദ്ധീകരിക്കാൻ ഹയർ സെക്കൻഡറി വകുപ്പ് തീരുമാനിച്ചത്.
പ്ലസ് വൺ പ്രവേശനം: വിശദാംശങ്ങൾ
ആദ്യ അലോട്മെൻ്റിൽ 2,49,540 പേർക്കാണ് പ്രവേശനം ലഭിച്ചത്. ഇതിൽ 1,21,743 കുട്ടികൾ സ്ഥിരം പ്രവേശനം നേടിയപ്പോൾ, 99,526 പേർ താത്കാലിക പ്രവേശനം നേടി. അലോട്മെൻ്റ് ലഭിച്ചിട്ടും 27,077 പേർ സ്കൂളിൽ പ്രവേശനം നേടിയിട്ടില്ല. ഒന്നിലധികം ജില്ലകളിൽ അപേക്ഷിച്ചവർ താൽപ്പര്യമില്ലാത്ത ജില്ലകളിലെ അലോട്മെൻ്റ് ഉപേക്ഷിക്കുന്നതും ചിലർ വി.എച്ച്.എസ്.ഇയിൽ പ്രവേശനം നേടുന്നതുമാണ് ഇതിന് പ്രധാന കാരണം. അപേക്ഷയിലെ അപാകതകൾ മൂലം 1,152 പേരുടെ അലോട്മെൻ്റ് റദ്ദാക്കപ്പെട്ടിട്ടുണ്ട്.
ഈ രണ്ട് വിഭാഗങ്ങളിലുമായി മിച്ചം വന്ന 28,229 സീറ്റുകൾ രണ്ടാം അലോട്മെൻ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ അലോട്മെൻ്റിനുശേഷം ആകെ 69,034 സീറ്റുകൾ ഒഴിവുണ്ടായിരുന്നതിൽ നിശ്ചിത ശതമാനം സീറ്റുകൾകൂടി രണ്ടാം അലോട്മെൻ്റിൽ പരിഗണിച്ചു.
വി.എച്ച്.എസ്.ഇ പ്രവേശനം: നിലവിലെ സ്ഥിതി
വി.എച്ച്.എസ്.ഇയുടെ ആദ്യ അലോട്മെൻ്റിൽ 25,135 പേരാണ് ഉൾപ്പെട്ടിരുന്നത്. ഇതിൽ 13,926 കുട്ടികൾ പ്രവേശനം നേടി. ഇന്ന് പ്രസിദ്ധീകരിക്കുന്ന രണ്ടാം അലോട്മെൻ്റിൽ 11,860 പേർക്ക് പ്രവേശനം ലഭിക്കും. വി.എച്ച്.എസ്.ഇയിലെ ആകെ മെറിറ്റ് സീറ്റുകൾ 30,600 ആണ്. ആകെ 48,000 അപേക്ഷകളാണ് ലഭിച്ചത്. മൂന്നാം അലോട്മെൻ്റ് ജൂൺ 16-ന് പ്രസിദ്ധീകരിക്കും, ക്ലാസ്സുകൾ ജൂൺ 18-ന് ആരംഭിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam