സൗഹൃദം എന്നത് ജീവിതത്തിലെ ഒരു വലിയ അനുഗ്രഹമാണ്. എന്നാൽ, നമ്മുടെ കൂടെ സന്തോഷത്തിൽ മാത്രം പങ്കുചേരുന്നവരെയാണോ അതോ ദുരിതങ്ങളിൽ താങ്ങും തണലുമാകുന്നവരെയാണോ യഥാർത്ഥ സുഹൃത്തുക്കളായി കാണേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരം നൽകുന്ന ഒരു കഥ ഇവിടെ പങ്കുവെക്കുന്നു.
ഒരു ധനാഢ്യൻ ഒരു വലിയ ആടിനെ അറുത്ത് തീയിൽ ചുട്ടെടുത്ത് തൻ്റെ മകനോട് ഇപ്രകാരം പറഞ്ഞു: "മകനെ, നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും നമ്മോടൊപ്പം ഭക്ഷണം കഴിക്കാൻ ക്ഷണിക്കൂ... നമുക്കെല്ലാവർക്കും ഒന്നിച്ചു കഴിക്കാം."
അച്ഛൻ്റെ നിർദ്ദേശം കേട്ടപ്പോൾ മകൻ തെരുവിൽ വന്ന് ഉറക്കെ ഒച്ചവെച്ച് ഇപ്രകാരം വിളിച്ചു നിലവിളിക്കാൻ തുടങ്ങി: "ഓടി വരണേ.. ഞങ്ങളുടെ വീട് തീ പിടിച്ചിരിക്കുന്നു.. വീട്ടിലെ തീ അണയ്ക്കാൻ ഞങ്ങളെ സഹായിക്കൂ.."
കുറച്ച് നേരത്തിനു ശേഷം, വളരെ കുറച്ച് ആളുകൾ മാത്രം പുറത്തേക്ക് വന്നു, ബാക്കിയുള്ളവരാവട്ടെ സഹായത്തിനായുള്ള നിലവിളി കേൾക്കാത്തതുപോലെ നടിക്കുകയും ചെയ്തു.
സഹായിക്കാനായി ഓടി വന്നവരോട് യഥാർത്ഥ കാര്യം വിശദീകരിച്ചപ്പോൾ അവർക്ക് സന്തോഷമായി. അവരെല്ലാവരും പാതിരാത്രി വരെ ഭക്ഷണം കഴിച്ച് സന്തോഷമായി ചിലവഴിച്ചു.
അപ്പോൾ അച്ഛൻ അത്ഭുതത്തോടെ മകൻ്റെ നേരെ തിരിഞ്ഞ് അവനോട് ചോദിച്ചു: "ഈ വന്നവരെയാരെയും എനിക്കറിയില്ല, ഇതിനു മുമ്പ് ഞാൻ ഇവരെ കണ്ടിട്ടുമില്ല, നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എവിടെ? ആരും വന്നില്ലേ?"
മകൻ പറഞ്ഞു: "ഒന്നും ചിന്തിക്കാതെ നമ്മുടെ വീട്ടിൽ കത്തുന്ന തീ അണയ്ക്കാൻ അവരുടെ വീട്ടിൽ നിന്ന് ഓടിവന്നവർ, ഒരത്യാഹിത നേരത്ത് പോലും പ്രതികരിക്കാതെ ഒളിച്ചിരിക്കുന്ന ബന്ധുക്കളെക്കാളും, അയൽക്കാരെക്കാളും സുഹൃത്തുക്കളെക്കാളും നമ്മുടെ സ്നേഹവും ആതിഥ്യവും അർഹിക്കുന്നവരാണ്."
യഥാർത്ഥ സൗഹൃദം: സഹാനുഭൂതിയുടെ വില
ജീവിതത്തിൽ നമ്മൾ കഷ്ടപ്പെടുകയാണെന്ന് അറിഞ്ഞിട്ടും നമ്മളെ സഹായിക്കാതെ പോകുന്നവർ ഒരു ദിവസം നമ്മൾ വിജയിക്കുമ്പോൾ ആ സന്തോഷത്തിൽ പങ്കുചേരാൻ എങ്ങനെ അർഹരാകും? ആപത്ഘട്ടങ്ങളിലും വിഷമങ്ങളിലും സഹാനുഭൂതി കാണിക്കാത്ത ബന്ധങ്ങൾ നിരർത്ഥകമാണ്.
"ഒരു സുഹൃത്ത് ദുരിതത്തിലായിരിക്കുമ്പോൾ കൂടെയുണ്ടാകും" എന്ന് പറയാറുണ്ട്. യഥാർത്ഥ സ്നേഹവും സൗഹൃദവും ആപത്തുകാലത്താണ് തെളിയിക്കപ്പെടുന്നത്.
ഈ ശുഭദിനത്തിൽ നമുക്ക് ഒരു കാര്യം ഓർക്കാം: നമ്മുടെ ജീവിതത്തിൽ ആത്മാർത്ഥമായി നമ്മളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയാനും അവരെ വിലമതിക്കാനും ശ്രമിക്കാം. അങ്ങനെയുള്ള ബന്ധങ്ങളാണ് നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുന്നത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
