ഹയർ സെക്കൻഡറി രണ്ടാം വർഷം പഠിക്കുന്ന വിദ്യാർഥികൾ തുടർപഠനത്തിനായി ചിന്തിക്കേണ്ട നിർണായക സമയമാണിത്. വിവിധ ഉപരിപഠന കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കായി അപേക്ഷ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ബോർഡ് പരീക്ഷാഫലം വന്നശേഷം മാത്രമേ അപേക്ഷ ക്ഷണിക്കൂ എന്ന ധാരണ ചില വിദ്യാർത്ഥികൾക്കുണ്ട്. എന്നാൽ അത് തെറ്റാണ്. ദേശീയ പ്രാധാന്യമുള്ള മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവേശന പരീക്ഷകളിലൂടെയാണ് പ്രവേശനം നടത്തുന്നത്. അതിനാൽ, ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാൻ കഴിയുന്ന പ്രധാന പ്രവേശന പരീക്ഷകളെക്കുറിച്ച് നമുക്ക് പരിചയപ്പെടാം.
നിയമം പഠിക്കാൻ താൽപ്പര്യമുള്ളവർക്ക്
▪️ കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് (CLAT): കൊച്ചിയിലെ നുവാൽസ് (NUALS) ഉൾപ്പെടെ രാജ്യത്തെ 26 നിയമ സർവകലാശാലകളിലെ അഞ്ച് വർഷത്തെ നിയമ ബിരുദ കോഴ്‌സുകൾക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ്ടുവിന് 45 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. ഡിസംബർ 7-നാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക്: consortiumoflus.ac.in
▪️ ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET): ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പരീക്ഷയാണിത്. 45% മാർക്കോടെ പ്ലസ്ടു വിജയം നിർബന്ധം. ഡിസംബർ 14-ന് പരീക്ഷ നടക്കും. നവംബർ 10 വരെ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: www.nationallawuniversitydelhi.in
▪️ കേരള നിയമ പ്രവേശന പരീക്ഷ (KLEE): കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും സ്വകാര്യ ലോ കോളേജുകളിലുമുള്ള നിയമ പഠനത്തിന് ഈ പരീക്ഷ നിർബന്ധമാണ്. പ്ലസ്ടുവിന് 45% മാർക്കാണ് യോഗ്യത. കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in
എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഡിസൈൻ, ഫാഷൻ മേഖലയിൽ അവസരങ്ങൾ
▪️ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (NID DAT): ഡിസൈൻ രംഗത്ത് പ്രമുഖരായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണിത്. പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: admissions.nid.edu
▪️ അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഫോർ ഡിസൈൻ (UCEED): മുംബൈ, ഹൈദരാബാദ്, ഡൽഹി, ഗുവാഹട്ടി, റൂർക്കി എന്നീ ഐഐടികളിലെ B.Des പ്രോഗ്രാമുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. പ്ലസ്ടു വിജയമാണ് യോഗ്യത. ജനുവരി 18-നാണ് പരീക്ഷ. വിവരങ്ങൾക്ക്: www.uceed.iitb.ac.in
▪️ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) പ്രവേശന പരീക്ഷ: കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള NIFT-യുടെ 19 ക്യാമ്പസുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം ലഭിക്കും. പ്ലസ്ടു വിജയമാണ് അടിസ്ഥാന യോഗ്യത. വിവരങ്ങൾക്ക്: www.nift.ac.in
മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾക്ക്
▪️ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IPMAT): ഐഐഎം ഇൻഡോർ, ഐഐഎം റോത്തക് തുടങ്ങിയ മുൻനിര മാനേജ്മെന്റ് സ്ഥാപനങ്ങളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ടുവിന് 60% മാർക്ക് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.iimidr.ac.in
, www.iimrohtak.ac.in
▪️ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (JIPMAT): ജമ്മു, ബോധ്ഗയ ഐഐഎം ക്യാമ്പസുകളിലെ പഞ്ചവത്സര മാനേജ്മെന്റ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. പ്ലസ്ടുവിന് 60% മാർക്ക് യോഗ്യതയായി വേണം. വിവരങ്ങൾക്ക്: exams.nta.ac.in/JIPMAT
▪️ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE): രാജ്യത്തെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് സ്ഥാപനങ്ങളിലെ ത്രിവത്സര ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിനായുള്ള പരീക്ഷയാണിത്. പ്ലസ്ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: exams.nta.ac.in/NCHM
▪️ കേന്ദ്ര സർവകലാശാലകളിലേക്ക് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG): ഇന്ത്യയിലെ വിവിധ കേന്ദ്ര, ഡീംഡ്, സ്വകാര്യ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണിത്. കൂടുതൽ വിവരങ്ങൾക്കായി cuet.nta.nic.in
എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
▪️ടീച്ചറാവാൻ നാഷണൽ കോമൺ എൻട്രൻസ് ടെസ്റ്റ് (NCET): ടീച്ചർ എഡ്യൂക്കേഷന് വേണ്ടിയുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ BA B.Ed, B.Com B.Ed, B.Sc B.Ed എന്നിവയിലേക്കുള്ള പ്രവേശന പരീക്ഷ. exams.nta.ac.in/NCET
എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും.
▪️ സൈന്യം വിളിക്കുന്നു ; നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി (NDA & NA) പരീക്ഷ: ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവിടങ്ങളിലെ ഓഫീസർ റാങ്കുകളിലേക്ക് അപേക്ഷിക്കാനുള്ള പരീക്ഷയാണിത്. പ്ലസ്ടുവിന് ഏത് വിഷയമെടുത്ത് പഠിച്ചവർക്കും ആർമിയിലേക്ക് അപേക്ഷിക്കാം. നേവി, എയർഫോഴ്സ് പ്രവേശനത്തിന് പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചിരിക്കണം. പെൺകുട്ടികൾക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.upsconline.nic.in
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam