🌿പ്രഭാത ചിന്തകൾ - സ്നേഹത്തിന്റെ തിരിച്ചറിവ്🌿
നമ്മുടെ മാതാപിതാക്കൾക്ക് വയസ്സാകുമ്പോൾ, അവരുടെ കൈകൾ വിറയ്ക്കുമ്പോൾ നമ്മൾ എങ്ങനെയാണ് അവരോട് പെരുമാറുന്നത്? ഈ കഥ ഓരോ മക്കൾക്കും ഒരു പാഠപുസ്തകമാണ്.
ഒരു മകന്‍ തന്റെ വയോധികനായ അച്ഛനെ ഒരു വിശേഷ ദിനത്തില്‍ അത്യാഢംബരപൂര്‍ണ്ണമായ ഒരു ഹോട്ടലില്‍ ഭക്ഷണത്തിനായി കൊണ്ടുപോയി. പ്രായം ശരീരത്തിന്റെ ആരോഗ്യം കാര്‍ന്നു തിന്നതിനാല്‍ വളരെ ചെറിയ കാര്യങ്ങള്‍ വരെ അച്ഛന്‍ ചെയ്യുന്നത് വളരെ ആയാസപ്പെട്ടായിരുന്നു.
ദുര്‍ബലമായ തന്റെ കൈകളാല്‍ സ്പൂണില്‍ കോരിയെടുത്ത് ഭക്ഷണം വായിലേക്ക് അടുപ്പിക്കുമ്പോള്‍ പലപ്പോഴും കൈകള്‍ വിറക്കുകയും, അവ കുറച്ചൊക്കെ തന്റെ മുഖത്തും, ഷര്‍ട്ടിലും, നിലത്തേക്കും വീഴുന്നുമുണ്ടായിരുന്നു.
ചുറ്റും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മാന്യന്മാരില്‍ ചിലര്‍ ഇതുകണ്ട് വെറുപ്പാര്‍ന്ന മുഖത്തോടെയും, മറ്റു ചിലര്‍ സഹതാപത്തോടെയും മുഖം തിരിച്ചിരുന്നു. ഒരാള്‍ തന്റെ ഭാര്യയോട് 'അയാള്‍ക്ക് വീട്ടിലെങ്ങാനും ഇരുന്ന് ഭക്ഷണം കഴിച്ചാല്‍പോരെ' യെന്ന് പതിയെ പറയുന്നത് കേട്ട പലരും അത് തല കുലുക്കി ശരിവച്ചു.
മകന്‍ ഇതെല്ലാം കണ്ടുവെങ്കിലും അക്ഷോഭ്യനായി, വളരെ ശാന്തമായി അച്ഛനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. സഹായം ആവശ്യമായ സമയത്തെല്ലാം മകന്‍ അച്ഛനോട് സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുകയും, ചില സമയത്ത് വിറയ്ക്കുന്ന ആ കൈ തന്റെ കൈകളാല്‍ താങ്ങി ഭക്ഷണം കഴിക്കാന്‍ സഹായിക്കുകയും ചെയ്തു. ഒരവസരത്തിലും മകന്‍ അസഹ്യതയോ, മുഷിച്ചിലോ, നാണക്കേടോ പ്രകടിപ്പിച്ചില്ല.
ഭക്ഷണത്തിനുശേഷം അച്ഛനെ മകന്‍ മുഖം കഴുകിക്കാന്‍ കൈപിടിച്ച് കൊണ്ടുപോയി. അവിടെയെത്തി വളരെ ശ്രദ്ധയോടെ തന്റെ അച്ഛന്റെ മുഖത്ത് പറ്റിയിരുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ സാവധാനം തുടച്ചു മാറ്റി. ഷര്‍ട്ടില്‍ പറ്റിയ ഭക്ഷണത്തിന്റെ കറ, നനച്ച ടവല്‍കൊണ്ട് ക്ഷമാപൂര്‍വ്വം തുടച്ചു കൊടുത്തു. എല്ലാം കഴിഞ്ഞ് ഷര്‍ട്ടിന്റെ കോളര്‍ ശരിയാക്കുകയും, നരച്ച തലമുടി ഒതുക്കി കൊടുക്കുകയും, ചെരിഞ്ഞ കണ്ണട നേരെയാക്കുകയും ചെയ്തു. ഇതെല്ലാം ചെയ്തത് വളരെ കരുതലോടെയും ക്ഷമയോടും കൂടെ ആയിരുന്നു. എല്ലാം കഴിഞ്ഞ് അവര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ തിരിച്ചെത്തി.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ആശ്വാസത്തോടെ വൃദ്ധനെ നോക്കി. പുച്ഛം നിറഞ്ഞിരുന്ന മുഖങ്ങളെല്ലാം ശാന്തമായി. നേരിയ നിശബ്ദത അവിടെ പരന്നു.
തന്റെ ബില്‍ കൊടുത്തശേഷം അച്ഛനെ തന്റെ മേല്‍വസ്ത്രം ഇടാന്‍ സഹായിച്ചശേഷം ആ കൈകള്‍ പിടിച്ച് പുറത്തേക്ക് പോകാന്‍ ആരംഭിച്ചു. വാതിലിനടുത്തെത്താറായപ്പോള്‍ പ്രായമേറിയ ഒരാള്‍ അവരുടെ നേരെ നടന്നടുത്തു. അദ്ദേഹത്തിന്റെ മുഖം തുടുത്തും, കണ്ണുകള്‍ തിളങ്ങിയും കാണപ്പെട്ടു.'ക്ഷമിക്കണം... താങ്കള്‍ ഇവിടെ എന്താണ് വെച്ചിട്ടു പോകുന്നത്?'
മകന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു. താനിരുന്ന മേശയിലേക്ക് ഒരു നിമിഷം തിരിഞ്ഞ് നോക്കിയ ശേഷം വിനയപൂര്‍വം പറഞ്ഞു: 'ഇല്ല...ഒന്നും വെച്ചിട്ടില്ലല്ലോ... അയാള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ഉണ്ട്... വെച്ചിട്ടു പോയിട്ടുണ്ട്. എല്ലാ മക്കള്‍ക്കുമായി ഒരു ഗുണപാഠവും, എല്ലാ അച്ഛന്മാര്‍ക്കും ഒരു പ്രതീക്ഷയും പകര്‍ന്നു വെച്ചിട്ടാണ് താങ്കള്‍ മടങ്ങുന്നത് '
ഇതു കേട്ട സമയം ആ റെസ്റ്റോറന്റിലെ അതിഥികള്‍ ഒരു നിമിഷം സ്തബ്ധരായി പരസ്പരം നോക്കി. ഒരു നിശബ്ദത അവിടെ വലയം ചെയ്തു. നമ്മുടെ ജീവിതത്തില്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി നമ്മെ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചവരെ തിരിച്ചും പരിപാലിക്കുക എന്നതാണ്.
നമ്മുടെ മാതാപിതാക്കളും, മുതിര്‍ന്ന സഹോദരങ്ങളും നമ്മുടെ സുഖത്തിനും നന്മക്കുമായി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അതിനു പകരമായി നമ്മള്‍ അവര്‍ക്ക് പരിധികള്‍ ഇല്ലാത്ത സ്‌നേഹവും നന്ദിയും ബഹുമാനവും നല്‍കാന്‍ കടപ്പെട്ടവരാണ്.
അവര്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ അവരുടെ താങ്ങായി, സംരക്ഷകരായി മാറേണ്ടത് നമ്മുടെ കടമയാണ്. ഈ ചിന്ത അടുത്ത തലമുറയ്ക്ക് പകരാന്‍ സാധിക്കട്ടെ. - നാളെ നമ്മളും ഇതുപോലെയാകും എന്ന ഓർമ്മ എപ്പോഴും മനസ്സിലുണ്ടാകട്ടെ.
ശുഭദിനം നേരുന്നു!
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY
.jpg)